വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവൃത്തികൾ എംഎൽഎ കൂടിയായ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരംപാറ പെട്രോൾ പമ്പിനു സമീപമാണു പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മന്ത്രി തുടക്കംകുറിച്ചത്. 73.61 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.
ശാസ്തംഗലം- മണ്ണറക്കോണം റോഡ്, തോപ്പുമുക്ക് - വട്ടിയൂർക്കാവ് റോഡ്, മണ്ണറക്കോണം - പേരൂർക്കട റോഡ്, മണ്ണറക്കോണം റോഡ് എന്നിവ ഉൾപ്പെട്ട 7.215 കിലോമീറ്റർ റോഡിന്റെ വികസനമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റോഡിന്റെ ഇരുവശത്തും ഓട, ആവശ്യമായ ഇടങ്ങളിൽ പാർശ്വഭിത്തി, കലുങ്ക് എന്നിവയുടെ നിർമാണവും വാട്ടർ അഥോറിറ്റി, കെഎസ്ഇബി എന്നിവയുടെ കണക്ഷൻ മാറ്റി സ്ഥാപിക്കലുമാണ് നടക്കുന്നത്. കെഎസ്ഇബിയുടെ ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് 6.46 കോടി രൂപയും വാട്ടർ അഥോറിട്ടിയുടെ പ്രവൃത്തികൾക്ക് 6.93 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
ഏഴു മുതൽ 10 മീറ്റർ വരെ മാത്രം വീതിയുള്ള റോഡുകളെ 18.5 മീറ്റർ വീതിയുള്ള ഉന്നത നിലവാരത്തിലാണ് നവീകരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മനേജ്മെന്റ് യൂണിറ്റിനാണ് പദ്ധതി നിർവഹണ ചുമതല.
ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. കൗൺസിലർമാരായ വിഷ്ണു മോഹൻ, നന്ദഭാർഗവ്, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ വിമൽ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ ബിനു, പ്രോജക്ട് എൻജിനിയർ ശരത്ചന്ദ്രൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.